കൊല്ലം: ചവറ കുടുംബകോടതി ജഡ്ജി വി ഉദയകുമാറിനെതിരേ ലൈംഗിക ദുഷ്‌പെരുമാറ്റ പരാതി. കൊല്ലം ജില്ലാ ജഡ്ജിക്കാണ് മൂന്ന് സ്ത്രീകള്‍ പരാതി നല്‍കിയതെന്ന് ദി ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയില്‍ റിപോര്‍ട്ട് ചെയ്തു. അന്വേഷണത്തിന് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഉത്തരവിട്ടു. രജിസ്ട്രാര്‍(ഡിസ്ട്രിക്റ്റ് ജുഡീഷ്യറി) ആയിരിക്കും അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കുക.
കൊല്ലം കോടതിയിലെ കുടുംബകോടതി ജഡ്ജിയുടെ ചേംപറിലാണ് പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ നടന്നതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. പരാതിക്കാര്‍ ഇതുവരെ പോലിസിനെ സമീപിച്ചിട്ടില്ല. എന്നാല്‍, പരാതിയെ തുടര്‍ന്ന് ജഡ്ജിയെ കൊല്ലം ആക്‌സിഡന്റ്‌സ് ട്രിബ്യൂണലിലേക്ക് സ്ഥലംമാറ്റി.
അതേസമയം, സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്ന കോഴിക്കോട് ജില്ലാ ജഡ്ജിയെ ആറുമാസത്തെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരിച്ചെടുത്തു. ഹൈക്കോടതി ജഡ്ജിയായ ശോഭ അന്നാമ്മ കോശിയാണ് ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഈ ആരോപണത്തിലെ പരാതിക്കാരി പോലിസിലോ ആഭ്യന്തര പരാതി സമിതിയിലോ പരാതി നല്‍കിയിട്ടില്ല.