'കമ്മ്യൂണിസമൊക്കെ വീടിന് പുറത്ത്'; സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകള്‍
കാസര്‍കോഡ്: സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകള്‍. കാസര്‍കോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി വി ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് പിതാവിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പിതാവില്‍ നിന്നും തനിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നതെന്ന് യുവതി പറയുന്നു.
വീട്ടുകാരറിയാതെ സൂക്ഷിച്ചിരുന്ന തന്റെ കൈയിലുള്ള ഫോണ്‍ ഉപയോഗിച്ച് യുവതി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ സംഗീത കഴിഞ്ഞ ദിവസമാണ് എസ്പിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന സംഗീത വീട്ടില്‍ കടുത്ത പീഡനം നേരിടേണ്ടിവരുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന തനിക്ക് ചികില്‍സ നിഷേധിക്കുന്നുവെന്നും സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത പറയുന്നു. 'ഇനി നീ നടക്കാന്‍ പോവുന്നില്ല, അരയ്ക്ക് താഴെ തളര്‍ന്ന നീ ഇതുപോലെ ഇവിടെ കിടന്നുനരകിക്കും,' എന്നും പിതാവ് അധിക്ഷേപിച്ചതായി സംഗീതയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. പറഞ്ഞതുകേട്ടില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംഗീത പറയുന്നു.
നേരത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത് എന്ന് പോലിസ് റിപോര്‍ട്ട് നല്‍കിയതിനേ തുടര്‍ന്ന് കോടതിയില്‍ ഈ ഹരജി നിലനിന്നില്ല കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതിയെന്നും വീടിനകത്ത് അതൊന്നും നടക്കില്ലെന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പിതാവിന് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ട് സംഭവത്തില്‍ പോലിസ് വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്നും നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവര്‍ പറയുന്നു.

