'അധികാര രാഷ്ട്രീയത്തിലെ സാമുദായിക പ്രാതിനിധ്യം ഭരണഘടനാവകാശം'; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
രോഹിത് വെമുലയുടെ പത്താം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്
കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംഗമത്തില്‍ ബാനര്‍ ഉയര്‍ത്തിയപ്പോള്‍
എറണാകുളം: അധികാര രാഷ്ട്രീയത്തില്‍ വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അത്തരം അവകാശ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുടെ മേല്‍ വര്‍ഗീയ ചാപ്പ ആരോപിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ അജണ്ടയാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു.
രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്ത് വര്‍ഷം തികഞ്ഞ സന്ദര്‍ഭത്തിലാണ് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സാഹോദര്യ സംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ചത്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സമുദായങ്ങളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തണമെന്ന രാഷ്ട്രീയ സന്ദേശമാണ് രോഹിത് വെമുല ജീവിതത്തിലൂടെ കൈമാറിയതെന്നും പ്രസ്തുത രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ ശ്രമിക്കുന്നവരെ സ്വത്വവാദം-വര്‍ഗീയത എന്നീ ലേബലുകളിലൂടെ അടിച്ചമര്‍ത്താനാണ് ഇടത്-വലത് കക്ഷികള്‍ ശ്രമിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ആമുഖ പ്രഭാഷണം നടത്തി. കെ കെ ബാബുരാജ്(ആക്റ്റിവിസ്റ്റ്, എഴുതുകാരന്‍), സുദേശ് എം രഘു(ആക്റ്റിവിസ്റ്റ്, എഴുതുകാരന്‍), ബാബുരാജ് ഭഗവതി(ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍), ലദീദ ഫര്‍സാന(പൗരത്വ സമര നായിക), ബൈജു പത്തനാപുരം(അണ്ണാ ഡിഎച്ആര്‍എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി), മൃദുല ദേവി(ആക്റ്റിവിസ്റ്റ്, സാഹിത്യകാരി), ഷിയാസ് എച്ച്(ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍), ആശ ശശിധരന്‍(ഗവേഷക വിദ്യാര്‍ഥിനി, എഎസ്എ നേതാവ്), എ കെ സജീവ്(എകെസിഎച്എംഎസ് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി), ആഷ്‌ലി ബാബു(സിഎസ്ഡിഎസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം) എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംഗമത്തില്‍ ബാനറുയര്‍ത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം സമാപന പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപു തോന്നക്കല്‍ സ്വാഗതവും സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.
