മുള്‍ട്ടായിലെ വര്‍ഗീയ സംഘര്‍ഷം; എഫ്ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വസ്തുതാന്വേഷണ സംഘം

Update: 2025-11-06 07:26 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ മുള്‍ട്ടായിയില്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ വിശദ റിപോര്‍ട്ട് വസ്തുതാന്വേഷണ സംഘം തയ്യാറാക്കിയെന്ന് എപിസിആറിന്റെ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി സയ്യിദ് ജാവേദ് അക്തര്‍. ആക്രമണം, കടകളും വണ്ടികളും മറിച്ചിടല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, സ്വകാര്യ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കല്‍ എന്നു തുടങ്ങി എല്ലാ കാര്യങ്ങളും നിരീക്ഷിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അക്തര്‍ പറഞ്ഞു.

2025 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്ക് കൂട്ടിയിടിച്ചതിനെതുടര്‍ന്ന് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പിന്നീട് ഈ സംഭവം വലിയ കലാപത്തിലേക്ക് കടന്നു. സംഭവത്തില്‍ ഇരയാക്കപ്പെട്ട വ്യക്തി പരാതിപ്പെട്ടപ്പോള്‍ പോലിസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു.

മുസ് ലിം സമുദായത്തിലെ നിരവധി പാവപ്പെട്ട വ്യാപാരികളുടെ വണ്ടികളും ചെറിയ കടകളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 15,000 മുതല്‍ 40,000 രൂപ വരെ സാമ്പത്തിക നഷ്ടമുണ്ടായതായും വസ്തുതാന്വേഷണ സംഘം റിപോര്‍ട്ടില്‍ പറയുന്നു. ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും വീഡിയോ തെളിവുകളും സീല്‍ ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണമെന്ന് വസ്തുതാന്വേഷണ സംഘം റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ എഫ്ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം, കുറ്റവാളികള്‍ക്കെതിരെ നിഷ്പക്ഷമായ നടപടി സ്വീകരിക്കണം, നഷ്ടം സഹിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് ഉടനടി സാമ്പത്തിക സഹായവും സംരക്ഷണവും നല്‍കണം, ഒരു സ്വതന്ത്ര ഏജന്‍സിയോ മുതിര്‍ന്ന ഉദ്യോഗസ്ഥനോ സംഭവം അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളും സംഘം മുന്നോട്ടുവച്ചു. റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും മുതിര്‍ന്ന അധികാരികള്‍ക്കും സമര്‍പ്പിക്കുമെന്ന് അക്തര്‍ പറഞ്ഞു.

Tags: