തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വിറകിനുള്ള ആവശ്യകത കുത്തനെ ഉയരുന്നു.മുന്‍പ് 3000 രൂപയ്ക്ക് താഴെയായിരുന്ന ഒരു ടണ്‍ വിറകിന്റെ വില ഇപ്പോള്‍ 5000 രൂപയായാണ് ഉയര്‍ന്നത്. ആവശ്യകത കൂടുന്നതോടെ വില ഇനിയും ഉയരാനിടയുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു.
വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതായതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ വലിയ പ്രതിസന്ധിയിലായി. നഗരങ്ങളിലെ ചില ഹോട്ടലുകള്‍ ഇതിനകം അടച്ചുപൂട്ടിയിരിക്കുകയാണ്. തലസ്ഥാനത്ത് മാത്രം ഏകദേശം പത്തു ശതമാനം ഹോട്ടലുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയതായി റിപോര്‍ട്ടുണ്ട്. സിലിണ്ടര്‍ ലഭ്യത കുറവായതോടെ ഹോട്ടലുകള്‍ വീണ്ടും വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ്. ഹോട്ടലുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കുമായി ടണ്‍ കണക്കിന് വിറകുകളാണ് ഇപ്പോള്‍ എത്തിക്കുന്നത്.
ഇത് ഗാര്‍ഹിക ആവശ്യങ്ങളെയും പെട്രോള്‍ പമ്പുകളെയും ഉടന്‍ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി നേരിടാന്‍ വിതരണത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കൂടാതെ ഗാര്‍ഹികേതര സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.