കോംഗോയില്‍ കോള്‍ട്ടന്‍ ഖനി തകര്‍ന്നു; 200ലധികം പേര്‍ കൊല്ലപ്പെട്ടു

Update: 2026-01-31 05:43 GMT

കിന്‍ഷാസ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബയ കോള്‍ട്ടന്‍ ഖനി തകര്‍ന്നുണ്ടായ അപകടത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റുബയ ഖനിയിലാണ് ബുധനാഴ്ച മണ്ണിടിച്ചിലുണ്ടായത്. ഖനിത്തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരടക്കം നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായി പ്രവിശ്യയിലെ വിമതര്‍ നിയോഗിച്ച ഗവര്‍ണറുടെ വക്താവ് ലുമുംബ കാംബെരെ മുയിസ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് നിലവില്‍ മഴക്കാലമായതിനാല്‍ മണ്ണ് ദുര്‍ബലമായിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതായും അധികൃതര്‍ അറിയിച്ചു. റുബയ ഖനി കോള്‍ട്ടന്‍ എന്ന വിലയേറിയ ലോഹ അയിരിനാണ് പ്രശസ്തം. ടാന്റലം, നിയോബിയം എന്നീ മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനുപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ലോഹ അയിരമാണ് കോള്‍ട്ടന്‍. ലോകത്തെ മൊത്തം കോള്‍ട്ടന്‍ ഉല്‍പ്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ പ്രദേശത്തുനിന്നാണ് ലഭിക്കുന്നതെന്നാണ് കണക്കുകള്‍.

വലിയ യന്ത്രസഹായങ്ങളില്ലാതെ മനുഷ്യാധ്വാനം മാത്രം ആശ്രയിച്ചാണ് ഖനനം നടക്കുന്നത്. അത്യല്‍പമായ പ്രതിഫലമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. നിലവില്‍ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതസംഘടനയുടെ നിയന്ത്രണത്തിലാണ് ഖനിയും പ്രവര്‍ത്തനം നടത്തുന്നത്. ഖനിയില്‍ നിന്നുള്ള വരുമാനം വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്‍പ് ആരോപിച്ചിരുന്നു.

Tags: