'കോളജ് പൂട്ടും, രണ്ടുവര്‍ഷത്തെ പഠനം പോയിക്കിട്ടും'; നഴ്സിങ് വിദ്യാര്‍ഥികളെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം
ഇടുക്കി: സര്‍ക്കാര്‍ നഴ്സിങ് വിദ്യാര്‍ഥികളെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരേയാണ് ആരോപണം. ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്നാണ് പിടിഎ അംഗത്തിന്റെ വെളിപ്പെടുത്തല്‍. പിടിഎ അംഗം രാജിമോളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോസ്റ്റല്‍, സ്വന്തമായി കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്ന പശ്ചാത്തലത്തില്‍ ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തിലായിരുന്നു ഭീഷണി. പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികള്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ യോഗത്തിനു പോയത്. ചര്‍ച്ചക്കിടെ ഹോസ്റ്റല്‍ വേണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതോടെയാണ് സി വി വര്‍ഗീസ് ഭീഷണിയുയര്‍ത്തിയത്. ഞാനാരാണെന്ന് അറിയാമോ എന്ന് സിവി വര്‍ഗീസ് ചോദിച്ചു. പാര്‍ട്ടി കൊണ്ടുവന്ന നഴ്സിങ് കോളജ് നിര്‍ത്തുമെന്നും നിങ്ങളുടെ രണ്ടുവര്‍ഷത്തെ പഠനം പോയിക്കിട്ടുമെന്നും വര്‍ഗീസ് ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ വര്‍ഗീസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തി. കോളജില്‍ കൊള്ളഫീസ് ചുമത്താന്‍ ഉള്‍പ്പെടെ സി വി വര്‍ഗീസ് ഗൂഢാലോചന നടത്തിയെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു.