കോളജ് അധ്യാപക നിയമനം; 138 നിയമനങ്ങള്‍ക്കൊപ്പം 191 തസ്തികകള്‍ റദ്ദാക്കുന്നു

Update: 2026-01-13 06:14 GMT

തൃശൂര്‍: സര്‍ക്കാര്‍ കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച നടപടി ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിടുന്നതാണെന്ന ആരോപണം ശക്തമാവുകയാണ്. പുതുതായി 138 തസ്തികകളിലേക്ക് നിയമനം നടക്കുമെന്ന് അറിയിക്കുമ്പോഴും, അതേ സമയം 191 തസ്തികകള്‍ റദ്ദാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി പല സര്‍ക്കാര്‍ കോളജുകളിലും സ്ഥിരം അധ്യാപകരുടെ കുറവ് മൂലം ഗസ്റ്റ് അധ്യാപകരെ ആശ്രയിച്ചാണ് അധ്യയനം നടക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള തസ്തികകള്‍ പോലും വെട്ടിക്കുറയ്ക്കുന്ന നടപടി വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുമെന്ന് വിമര്‍ശനം ഉയരുന്നു. വിരമിച്ച ഒഴിവുകള്‍ യഥാസമയം റിപോര്‍ട്ട് ചെയ്യാതെയാണ് നിരവധി തസ്തികകള്‍ ഇല്ലാതാക്കുന്നതെന്നും ആക്ഷേപമുണ്ട്.

2022-23 അധ്യയന വര്‍ഷത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍ കോളജുകളിലെ വിവിധ വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക് പട്ടികകളുടെ കാലാവധി ഇതിനകം അവസാനിച്ചിട്ടുണ്ട്. ചില വിഷയങ്ങളിലെ പട്ടികകള്‍ ഉടന്‍ കാലഹരണപ്പെടാനിരിക്കെ, നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രിസഭ അംഗീകരിച്ചാല്‍ ഫിലോസഫി, സോഷ്യോളജി, ഇസ്‌ലാമിക് ഹിസ്റ്ററി, ഉറുദു തുടങ്ങിയ വിഷയങ്ങളില്‍ ഒന്നാം റാങ്ക് നേടിയവര്‍ വരെ നിയമനാവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

തസ്തിക റദ്ദാക്കലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന് പരിഹാര നിര്‍ദേശങ്ങളോ ബദല്‍ സംവിധാനങ്ങളോ മുന്നോട്ടുവെച്ചിട്ടില്ലെന്നാണ് പട്ടികയിലുള്ളവരുടെ ആരോപണം. കാലഹരണപ്പെട്ട മൂന്നുവര്‍ഷ ബിരുദ കോഴ്‌സിന്റെ ജോലിഭാരം അടിസ്ഥാനമാക്കി, അക്കാദമിക് പഠനമോ വിദഗ്ധ സമിതിയുടെ ശുപാര്‍ശയോ ഇല്ലാതെ സെക്രട്ടറിതലത്തിലുള്ള തീരുമാനമായാണ് തസ്തിക പുനര്‍വിന്യാസം നടപ്പാക്കുന്നതെന്നും വിമര്‍ശനം ശക്തമാണ്.

നാലുവര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കിയ സാഹചര്യത്തില്‍, നിലവിലില്ലാത്ത കോഴ്‌സുകളുടെ ജോലിഭാരം കണക്കിലെടുത്തുള്ള പുനര്‍വിന്യാസം യുക്തിയില്ലാത്തതാണെന്നും, ഇതിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും വ്യാപകമായി ഉയരുകയാണ്.

Tags: