കോളജ് ഡേയില്‍ പങ്കെടുക്കാത്തതിനും സംഭാവന നല്‍കാത്തതിനും പിഴ; കോളജിനോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍

Update: 2026-04-12 11:18 GMT

തിരുവനന്തപുരം: കോളജ് ഡേയില്‍ പങ്കെടുക്കാത്തതിനും സംഭാവന നല്‍കാത്തതിനും പിഴ ചുമത്തിയ സര്‍ക്കുലറിനെ തുടര്‍ന്ന് ഐഎംഡിആര്‍ കോളജിനെതിരേ ആരോഗ്യ സര്‍വകലാശാല കടുത്ത നിലപാട് സ്വീകരിച്ചു. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ കോളജ് അധികൃതരോട് വിശദീകരണം തേടി. വിദ്യാര്‍ഥികളെ നിര്‍ബന്ധിതമായി ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കി. സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെ ബി രാജന്‍ പുറത്തിറക്കിയ ഉത്തരവില്‍, കോളജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് 250 രൂപയും സംഭാവന നല്‍കാത്തവര്‍ക്ക് 500 രൂപയും പിഴ ചുമത്തുമെന്ന് പറഞ്ഞിരുന്നു. രണ്ടും ചെയ്തില്ലെങ്കില്‍ 750 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ഹാള്‍ ടിക്കറ്റ് നിഷേധിക്കുമെന്നുമുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കുലര്‍ പുറത്തുവന്നതോടെ വലിയ വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍വകലാശാല നേരിട്ട് ഇടപെട്ടത്.

Tags: