അബ്ദുല്‍ റഹീമിന്റെ കൊലപാതകം; 15 പ്രതികളെന്ന് പോലിസ്; രണ്ടു പേര്‍ പരിചയക്കാര്‍
മംഗളൂരു: ബണ്ട്വാള്‍ അദ്ദൂര്‍ കോല്‍ത്തമജലുവിനടുത്ത് അബ്ദുല്‍ റഹീമിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 15 പ്രതികളുണ്ടെന്ന് പോലിസ്. കേസിലെ രണ്ടു പ്രതികളായ ദീപകിനും സുമിത് ആചാരിക്കും അബ്ദുല്‍ റഹീമുമായി സൗഹൃദമുണ്ടായിരുന്നെന്നും പോലിസ് കണ്ടെത്തി. ആക്രമണത്തില്‍ പരിക്കേറ്റ കലന്തര്‍ ഷാഫിയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ശിക്ഷാ സന്‍ഹിതയിലെ 103,109, 118(1), 190, 191(2), 191(3) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കുര്യാല്‍ ഗ്രാമത്തില്‍ രാജീവി എന്നയാളുടെ വീട്ടില്‍ മണല്‍ ഇറക്കുമ്പോഴാണ് അക്രമി സംഘം എത്തിയതെന്ന് പോലിസ് പറയുന്നു. ഡ്രൈവറുടെ സീറ്റില്‍ ഇരിക്കുകയായിരുന്ന റഹീമിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. തടയാന്‍ ഓടിയെത്തിയ കലന്തര്‍ ഷാഫിയെ നെഞ്ചിലും പുറകിലും കൈയ്യിലും കുത്തുകയും വെട്ടുകയും ചെയ്തു.
ഹിന്ദുത്വ നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ അതിവേഗ നടപടി വേണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉഡുപ്പി, ചിക്കമംഗളൂരു, മൈസൂരു, കര്‍വാര്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ പോലിസിനെ എത്തിച്ചിട്ടുണ്ട്. മേയ് 30 വരെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ തുടരും.
ബിജെപി മൃതദേഹങ്ങള്‍ കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. അബ്ദുല്‍ റഹീമിനെ കൊന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ പോലിസ് നടപടിയെടുക്കും. മുഹമ്മദ് അഷ്‌റഫിനെ കൊന്നവരെയും അറസ്റ്റ് ചെയ്തു.റൗഡിയായ സുഹാസ് ഷെട്ടിയെ കൊന്നവരെ വരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
