തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അതിവേഗ റെയില്‍ ശൃംഖലയാണ് ആര്‍ആര്‍ടിഎസ്. 12 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 3നു ഗതാഗത വകുപ്പ് പദ്ധതി സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു.
പദ്ധതി പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമായതാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. നിര്‍മാണച്ചെലവിന്റെ 20 ശതമാനം കേന്ദ്രസംസ്ഥാന സഹായമായും 60 ശതമാനം അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയായും കണ്ടെത്താനാണ് തീരുമാനം. പദ്ധതിയുടെ മൊത്തം ചെലവ് 1,92,780 കോടി രൂപയായി കണക്കാക്കുന്നു. നാലു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 284 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാവന്‍കൂര്‍ ലൈന്‍ നിര്‍മിക്കും. 2027ല്‍ നിര്‍മ്മാണം ആരംഭിച്ച് 2033ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിത വികസനവും സമാന്തരമായി ആരംഭിക്കും.
രണ്ടാം ഘട്ടമായി തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള മലബാര്‍ ലൈന്‍, കോഴിക്കോട് മെട്രോ എന്നിവയും മൂന്നാം ഘട്ടത്തില്‍ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള കണ്ണൂര്‍ ലൈന്‍ വികസനവും നടപ്പാക്കും. നാലാം ഘട്ടത്തില്‍ കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള പാത പൂര്‍ത്തിയാക്കും. സംസ്ഥാനമൊട്ടാകെയുള്ള സമഗ്ര ആര്‍ആര്‍ടിഎസ് ശൃംഖല യാഥാര്‍ഥ്യമാക്കുക എന്നതാണ് ലക്ഷ്യം. പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കും കാസര്‍കോട് വഴി മംഗലാപുരത്തേക്കും ഭാവിയില്‍ പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിഗണിക്കുന്നതായി അറിയുന്നു.
തിരുവനന്തപുരം കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ബദല്‍ പദ്ധതിയുമായി മുന്നോട്ടുവന്നത്. ഇതിനിടെ തിരുവനന്തപുരം കാസര്‍കോട് അതിവേഗ പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി പ്രഖ്യാപിച്ച 'മെട്രോമാന്‍' ഇ ശ്രീധരന്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതും ശ്രദ്ധേയമാണ്.

