തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. 238 ല്‍ നിന്നും 258 രൂപയായാണ് വര്‍ധിപ്പിച്ചത്. 9 മാസമായി ആശമാര്‍ സമരം ചെയ്യുകയാണ്. സമരത്തിന്റെ തുടക്കം മുതല്‍തന്നെ സമരം തകര്‍ക്കുക എന്ന ഉദ്ദേശമാണ് സര്‍ക്കാരിനുപിന്നിലുള്ളതെന്നും ജെബി മേത്തര്‍ ആരോപിച്ചു. പിഎം ശ്രീ ഫണ്ടിനായി ഒപ്പു വെയ്ക്കുന്ന കേരളം, ആശമാരുടെ രോദനം കേള്‍ക്കുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു.
അതേസമയം, നിലവിലെ ഓണറേറിയം വര്‍ധന് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം. സംഘടന വിളിച്ചു ചേര്‍ത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. ഭാവി സമരപരിപാടികള്‍ ആലോചിക്കാനാണ് സമര സമിതിയുടെ യോഗം.
ഓണറേറിയം 21,000 രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്തു നിന്നാണ് 1,000 രൂപയുടെ വര്‍ധനവ് ആശമാര്‍ക്ക് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 33 രൂപയുടെ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇത് മിനിമം കൂലിയെന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു. ഫെബ്രുവരി 10ന് ആരംഭിച്ച സെക്രട്ടേറിയേറ്റിനു മുന്നിലെ സമരം ഇന്ന് 264ാം ദിവസമാണ്.