മാമ്പഴ കൃഷിക്ക് ഭീഷണിയായി കാലാവസ്ഥാ വ്യതിയാനം; വിളവും ഗുണനിലവാരവും ഇടിയുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വേനല്‍ക്കാലത്തിന്റെ പ്രതീകമായ മാമ്പഴം ഉല്‍പ്പാദനം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉല്‍പ്പാദകരായ ഇന്ത്യയില്‍ ഏകദേശം 24 ലക്ഷം ഹെക്ടറിലായി വര്‍ഷംതോറും 200 ലക്ഷം ടണ്ണിലധികം ഉല്‍പ്പാദനമുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനം മേഖലയെ ദോഷകരമായി ബാധിക്കുകയാണ്.
മാവ് പൂക്കുന്നതിനും കായ്ക്കുന്നതിനും 24 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ് അനുയോജ്യം. എന്നാല്‍ കാലം തെറ്റിയ മഴയും ഉയര്‍ന്ന ഈര്‍പ്പവും പൂപ്പല്‍ രോഗങ്ങള്‍ക്കും മറ്റു വിളനാശങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ ശക്തമായ കാറ്റ് മൂലം കായ്കള്‍ മൂപ്പെത്തുന്നതിന് മുന്‍പേ കൊഴിഞ്ഞുപോകുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ്.
താപനിലയില്‍ ചെറിയ വര്‍ധനവുപോലും വിളവിനെ ഗണ്യമായി ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് പോലും വിളവില്‍ 11 ശതമാനം വരെ കുറവുണ്ടാക്കാം. 2024ല്‍ വടക്കേ ഇന്ത്യയില്‍ അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗം മാമ്പഴത്തിന്റെ ഗുണനിലവാരത്തെയും രുചിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനൊപ്പം, കാലാവസ്ഥാ വ്യതിയാനം മൂലം 'മാംഗോ സ്റ്റോണ്‍ വീവില്‍' പോലുള്ള കീടങ്ങളുടെ വ്യാപനവും വര്‍ധിച്ചിരിക്കുകയാണ്. ഇത് മാമ്പഴ കയറ്റുമതിക്കും തിരിച്ചടിയാകുന്നു. ദശഹരി മാമ്പഴം, ലാംഗ്ര മാമ്പഴം, ആമ്രപാലി മാമ്പഴം, ചൗസ മാമ്പഴം തുടങ്ങിയ ഇനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക തന്ത്രങ്ങള്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
