ഉത്തരേന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷം; മലയോരങ്ങളില്‍ മഞ്ഞുവീഴ്ച, ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമായി തുടരുന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുമ്പോള്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സമതല പ്രദേശങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും റിപോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ പത്തു വരെ ഈ സാഹചര്യം തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്മീരും ഹിമാചലും ഉള്‍പ്പെടുന്ന ഉയര്‍ന്ന മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിച്ചു. ലഹോള്‍-സ്പിതി, കുളു മേഖലകള്‍ മഞ്ഞില്‍ മൂടപ്പെട്ടു. അതേസമയം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴ തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ രാത്രി വരെ മഴ തുടരുകയും താപനില ഗണ്യമായി കുറയുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൃഷിയിലും പ്രതിഫലിക്കുന്നു. കൊയ്ത്തിന് തയ്യാറായ ഗോതമ്പ് വിളകള്‍ വ്യാപകമായി നശിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഗോതമ്പ് കര്‍ഷകരും രാജസ്ഥാനിലെ ജീരകം, ഇസബ്‌ഗോള്‍ കര്‍ഷകരും വലിയ സാമ്പത്തിക നഷ്ടം നേരിടാനിടയുണ്ട്. വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗത ഉയരാനിടയുള്ളതിനാല്‍ ഷിംല ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴ്, എട്ടു തിയ്യതികളില്‍ വീണ്ടും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികളും പ്രാദേശികവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
