ദുബയ്: യുഎഇയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വ്യാപകമാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ അതോറിറ്റി. ശ്വാസകോശരോഗികള്‍, അലര്‍ജി ബാധിതര്‍ എന്നിവര്‍ അധിക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വീട്ടിലേക്കു പൊടി കയറുന്നതിനെത്തുടര്‍ന്ന് തുമ്മല്‍, അലര്‍ജി, ശ്വാസതടസ്സം തുടങ്ങിയ പരാതികള്‍ വര്‍ധിച്ചതായി റിപോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
അലര്‍ജി ലക്ഷണങ്ങള്‍ അല്ലെങ്കില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ ഉടന്‍ സമീപത്തെ ആരോഗ്യകേന്ദ്രത്തെ സമീപിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കാറ്റ് ശക്തമായിരിക്കുമ്പോഴും കാഴ്ചാ ദോഷമുള്ള സാഹചര്യങ്ങളിലും പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പുറത്തിറങ്ങേണ്ടിവന്നാല്‍ മാസ്‌ക് ധരിക്കുകയോ ഈര്‍പ്പമുള്ള തുണികൊണ്ട് മൂക്കും വായും മൂടുകയോ ചെയ്യണം. പൊടി വീട്ടിലേക്ക് കടക്കാതിരിക്കാന്‍ വാതിലും ജനലുകളും അടച്ചിടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകളും ഇന്‍ഹേലറും സമയത്ത് ഉപയോഗിക്കണമെന്നുമാണ് മുന്നറിയിപ്പ്.
ജലാംശം മിതമായ നിലയിലായതിനാല്‍ പുറത്തിറങ്ങുന്നവര്‍ മതിയായ വെള്ളം കുടിക്കണമെന്ന് അധികൃതര്‍ ഉപദേശിച്ചു. നവംബര്‍ മാസത്തോടെ യുഎഇയില്‍ ചൂട് കുറയുകയും ഇടയ്ക്കിടെ ചെറിയ തോതില്‍ മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ താപനിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.