കുട്ടികള്‍ പറഞ്ഞത് കേട്ടില്ല; വാട്ടര്‍ ടാങ്കില്‍ വിഷം കലക്കി ക്ലാസ് ലീഡര്‍; ഭീകരപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി
ഷിമോഗ: ക്ലാസിലെ കുട്ടികള്‍ പറഞ്ഞത് കേള്‍ക്കാത്തതിന് വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയ ക്ലാസ് ലീഡര്‍ പിടിയില്‍. ഹൂവിനക്കോണെയിലെ സര്‍ക്കാകര്‍ എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് പിടിയിലായത്. ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ പാചകക്കാരിയായ ദീപയാണ് കുടിവെള്ളത്തില്‍ എന്തോ കലര്‍ന്നതായി സംശയിച്ചത്. വെള്ളത്തിന്റെ നിറം മാറിയതും ദുര്‍ഗന്ധം വന്നതുമാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് അവര്‍ അധ്യാപകരെ വിവരമറിയിച്ചു. പ്രധാന അധ്യാപകന്റെ പരാതിയില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് വിഷം കലക്കിയ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തിയത്. അടുത്തിടെയാണ് കുട്ടിയെ ക്ലാസ് ലീഡറാക്കിയത്. എന്നാല്‍, ക്ലാസിലെ മറ്റു കുട്ടികള്‍ ലീഡര്‍ പറയുന്നത് അനുസരിച്ചില്ല. ഈ സംഭവത്തിന് ഏതാണ്ട് പതിനഞ്ച് ദിവസം മുമ്പ് രണ്ടാം ക്ലാസുകാരനായ ഒരു കുട്ടി മറ്റൊരു കുട്ടിയുടെ വാട്ടര്‍ ബോട്ടിലില്‍ ഫീനോള്‍ കലക്കിയിരുന്നു. ഇതിനെ മാതൃകയാക്കിയെടുത്താണ് ക്ലാസ് ലീഡര്‍ വാട്ടര്‍ ടാങ്കില്‍ തന്നെ വിഷം കലക്കിയത്. ഇഞ്ചിക്കൃഷിക്ക് ഉപയോഗിക്കുന്ന കളനാശിനിയാണ് കുട്ടി വീട്ടില്‍ നിന്നും കൊണ്ടുവന്നത്. വിഷം കലക്കുന്നത് മറ്റു ചില കുട്ടികള്‍ കണ്ടിരുന്നു. എന്നാല്‍, ഇക്കാര്യം പുറത്തുറയരുതെന്ന് ക്ലാസ് ലീഡര്‍ ഭീഷണിപ്പെടുത്തിയെന്നും പോലിസ് പറഞ്ഞു. സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
മുസ്‌ലിം സമുദായക്കാരനായ പ്രധാന അധ്യാപകനെ സ്ഥലം മാറ്റാനായി സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ വിഷം കലക്കിയ മൂന്നു ശ്രീരാമസേന പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു.