ബട്ടിന്‍ഡയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; കര്‍ഷകരെ അറസ്റ്റു ചെയ്ത് പോലിസ് നടപടി
ചണ്ഡീഗഡ്: ബട്ടിന്‍ഡയിലെ ജിയോണ്ടില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജില്ലാ ഭരണകൂട സമുച്ചയത്തിലേക്ക് (ഡിസിഎ) മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കര്‍ഷകരും പോലിസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. നഗരത്തിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും പോലീസ് റോഡ് ബ്ലോക്കുകള്‍ സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ നിരവധി കര്‍ഷകരെ അറസ്റ്റ് ചെയ്യുകയോ വിവിധ സ്ഥലങ്ങളില്‍ വീട്ടുതടങ്കലില്‍ വയ്ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സെന്‍ഡ് ഗ്രാമത്തില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചില കര്‍ഷകരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍, പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പ് കര്‍ഷക നേതാക്കളുടെ വസതികള്‍ റെയ്ഡ് ചെയ്ത് അവരെ കസ്റ്റഡിയിലെടുത്തതായി ആരോപിച്ചു.
ഭാരതീയ കിസാന്‍ യൂണിയന്‍, തങ്ങളുടെ രണ്ട് പ്രവര്‍ത്തകരായ ഷഗന്‍ദീപ് സിംഗ് ജിയോണ്ടിനെയും ബല്‍ദേവ് സിംഗ് ചൗക്കെയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിഎയ്ക്ക് പുറത്ത് അനിശ്ചിതകാല പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഇരുവരും ഏപ്രില്‍ മുതല്‍ ബതിന്ദ ജയിലില്‍ കഴിയുകയാണ്. കനത്ത പോലീസ് വിന്യസമുണ്ടായിട്ടും, ഫരീദ്‌കോട്ട് ജില്ലയിലെ ജെയ്‌റ്റോ ബ്ലോക്കില്‍ നിന്നുള്ള ചില കര്‍ഷകര്‍ ഉച്ചകഴിഞ്ഞ് ഡിഎസിയില്‍ എത്തിയെങ്കിലും ഉടന്‍ തന്നെ അറസ്റ്റിലായി. അതേസമയം, ബുധനാഴ്ച ഷഗന്‍ദീപിനും ബല്‍ദേവിനും കോടതി ജാമ്യം അനുവദിച്ചു.
