മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടിക്കിടെ സംഘര്‍ഷം; സംഘാടകര്‍ അറസ്റ്റില്‍, പരസ്യമായി മാപ്പ് പറഞ്ഞ് മമത

സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടം

Update: 2025-12-13 12:18 GMT

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടിക്കിടെ വന്‍ സംഘര്‍ഷം. മെസിയെ ശരിക്കും കാണാനായില്ലെന്ന് ആരോപിച്ച് രോക്ഷാകുലരായ ആരാധകര്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കി. പതിനായിരങ്ങളാണ് ലയണല്‍ മെസിയെ കാണാന്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെ സംഘാടകര്‍ അറസ്റ്റിലായി. സംഭവത്തില്‍ മെസിയോടും ആരാധകരോടും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരസ്യമായി മാപ്പു പറഞ്ഞു.

5,000 മുതല്‍ 25,000 രൂപ വരെയായിരുന്നു കൊല്‍ക്കത്തയിലെ ഗോട്ട് ടൂര്‍ ടിക്കറ്റ് വില. സൗഹൃദ മല്‍സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടിലെത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കുമായില്ല. വന്‍ തുക മുടക്കി ടിക്കറ്റെടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി. 'എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി'ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ശതാദ്രു ദത്തയെ അറസ്റ്റ് ചെയ്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലിസ് അറിയിച്ചു. രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന പരിപാടി അരമണിക്കൂര്‍ പോലും നടത്താതെ അവസാനിപ്പിച്ചു. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം താല്‍ക്കാലിക പന്തലുലുകളും സീറ്റുകളും ബോര്‍ഡുകളും നശിപ്പിച്ചു. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസിന് ലാത്തിവീശേണ്ടിവന്നു. സംഘാടകര്‍ വഞ്ചിച്ചെന്ന് ആരാധകര്‍ ആരോപിച്ചു.

മെസിക്കൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാല്‍ അവരാരും എത്തിയില്ല. സ്റ്റേഡിയത്തില്‍ കലാപ വിരുദ്ധ സേനയെ വിന്യസിച്ചു. സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവം അന്വേഷിക്കാനായി സര്‍ക്കാര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി പശ്ചിമ ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായും മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായും ഡിജിപി വ്യക്തമാക്കി. പരിപാടി സംഘടിപ്പിച്ചവരുടെ കെടുകാര്യസ്ഥതയാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മെസിയുടെ ആദ്യ പരിപാടിയായിരുന്നു കൊല്‍ക്കത്തയിലേത്. ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലും മെസിക്ക് പരിപാടികളുണ്ട്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായാണ് ആരാധകര്‍ പ്രതികരിച്ചത്.