മാനന്തവാടിയില്‍ സീറ്റ് ആവശ്യപ്പെട്ട് രാഹുലിനും പ്രിയങ്കക്കും കത്തയച്ച് സി കെ ജാനു
സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് നിയമസഭയില്‍ മല്‍സരിക്കാനുള്ള സീറ്റ് യുഡിഎഫ് വെട്ടിയിരുന്നു
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് മല്‍സരിക്കാനുള്ള സീറ്റ് വെട്ടിയ യുഡിഎഫ് തീരുമാനത്തില്‍ മാനന്തവാടിയില്‍ സീറ്റ് ആവശ്യപ്പെട്ട് സി കെ ജാനു രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. സീറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അറിയിച്ചതായി സി കെ ജാനു കത്തില്‍ പറയുന്നു. എംപിയെന്ന നിലയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്കും പ്രത്യേകം കത്തയച്ചു.
നിയമസഭയില്‍ മല്‍സരിക്കാന്‍ സി കെ ജാനുവിന് സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചതിനു പിന്നാലെയാണ് കത്ത്. സി കെ ജാനു സംസ്ഥാന അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി രണ്ട് സീറ്റുകളാണ് നേരത്തേ ചോദിച്ചിരുന്നത്. കോഴിക്കോട് ബാലുശേരിയിലും വയനാട്ടിലെ മാനനന്തവാടിയിലും. രണ്ട് സീറ്റ് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ സി കെ ജാനുവിന് മല്‍സരിക്കാന്‍ മാനന്തവാടിയില്‍ സീറ്റ് എന്നതിലേക്കെത്തി. എന്നാല്‍, മല്‍സരിക്കാന്‍ സീറ്റില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിക്കുകയായിരുന്നു.
യുഡിഎഫിന് ഭരണം കിട്ടികഴിയുമ്പോള്‍ കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനമാണ് വി ഡി സതീശന്റെ ഓഫര്‍. ഇത് അവഹേളനമാണെന്ന നിലപാടിലാണ് സി കെ ജാനു. ഇതോടെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും കത്തയച്ചത്. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനേയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയേയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി ഇരുവരും കൂടിക്കാഴ്ചയും നടത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.