സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. ആധായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായെന്നാണ് റോയിയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിക്കുകയാണ്. കുറ്റമറ്റ അന്വേഷണത്തിനാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹൃദയത്തില്‍ വെടിയുണ്ട തുളച്ച് കയറിയാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം വാരിയെല്ലിലൂടെ ഹൃദയത്തിലേക്ക് വെടിയുണ്ട തുളച്ചുകയറിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ പ്രാഥമിക നിഗമനം. വലതു കൈകൊണ്ടാണ് വെടിയുതിര്‍ത്തതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. വെടിയുണ്ട ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കുടുംബാംഗങ്ങളുടേയും ഐടി ഉദ്യോഗസ്ഥരുടേയും മൊഴി പോലിസ് രേഖപ്പെടുത്തി.
സംസ്‌കാരം നാളെ വൈകിട്ട് ബെംഗളൂരുവില്‍. സി ജെ റോയിയുടെ മരണത്തില്‍ അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പോലിസിന് കൈമാറിയത്. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിനു പിന്നാലെ റോയ് സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. ആരേയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും പരാതില്‍ പറയുന്നു.
മരണ കാരണം കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ എന്നാണ് സിപിഎം വിമര്‍ശനം. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. അതേസമയം സി ജെ റോയിയുടെ സംസ്‌കാരം നാളെ ബെംഗുളൂരുവില്‍ നടക്കും. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റോയിയെ മാനസിക സമ്മര്‍ദത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് റെയ്ഡിന്റെ ഭാഗമായി ഐടി ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം.
