ബെംഗളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് കര്‍ണാടക പോലിസ്. അശോക് നഗര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുടേയും ഐടി ഉദ്യോഗസ്ഥരുടേയും മൊഴിയെടുത്തു. ഫൊറന്‍സിക്, ബാലിസ്റ്റിക് ടീമുകള്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. സി ജെ റോയ്യെ ഇന്ന് ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസിലാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.