സി ജെ റോയിയുടെ ആത്മഹത്യ; കര്‍ണാടക പോലിസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും
ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ സി ജെ റോയ് ജീവനൊടുക്കിയതില്‍ അന്വേഷണം കര്‍ണാടക പോലിസിന്റെ പ്രത്യേക സംഘത്തിന്. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ദുബയില്‍ നിന്ന് റോയിയുടെ കുടുംബം ബെംഗളൂരുവിലെത്തി. ബെംഗളൂരുവില്‍ തന്നെയാകും സംസ്‌കാരം. മരണത്തില്‍ സെന്‍ട്രല്‍ പോലിസ് കേസെടുത്തു.
സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയിയുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. വെടിയുതിര്‍ത്ത തോക്ക് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു.
ബെംഗളൂരുവിലെ ഓഫീസിലും കഫെയിലും ഇന്നലെയാണ് റെയ്ഡ് നടന്നത്. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ഐടി ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയല്‍ എസ്റ്റേറ്റ് രംഗത്താണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലും ഗ്രൂപ്പിന് നിരവധി സംരംഭങ്ങളുണ്ട്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഐടി റെയ്ഡ് നടന്നത് എന്നാണ് സൂചന. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിര്‍മാണരംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ സി ജെ റോയ് നിര്‍മിച്ചിട്ടുണ്ട്.
