സി ജെ റോയിയുടെ ആത്മഹത്യ; ഡയറിയില്‍ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങള്‍
ബെംഗളൂരു: ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്ത കേസില്‍ നിര്‍ണായക കണ്ടെത്തല്‍. റോയിയുടെ ഡയറിയില്‍ ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. റോയിയുടെ ഡയറി പോലിസ് കസ്റ്റഡിയില്‍. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പില്‍. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയില്‍ എഴുതിയിട്ടുണ്ട്. കൂടെയുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.
ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് റോയിയുടെ ഡയറിയിലുള്ളതെന്നാണ് പോലിസ് നല്‍കുന്ന സൂചന. ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണെന്ന് ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശത്ത് നടത്തിയ ചില ബിസിനസുകളില്‍ നിന്ന് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള വിശദാംശങ്ങളും റോയ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്. താന്‍ ഇല്ലാതായാല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ആര് നയിക്കണമെന്ന് പോലും റോയ് എഴുതി വച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ റോയ് തീരുമാനിച്ചുറപ്പിച്ചു എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ കുറിപ്പുകളെന്ന് പോലിസ് സൂചിപ്പിക്കുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപകരായി വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവരെ വിട്ടുകളയരുതെന്നും ചേര്‍ത്ത് നിര്‍ത്തണമെന്നും ഡയറിക്കുറിപ്പില്‍ റോയ് സൂചിപ്പിക്കുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിക്കുമേല്‍ ഏല്‍പ്പിച്ച സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ റോയ് മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്ന് സൂചിപ്പിക്കുകയാണ് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍. ചില സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഡയറിയിലുണ്ടെന്നാണ് വിവരം. സി ജെ റോയ് ഓഫിസ് ചേംബറിലേക്ക് എത്തിയ സമയം സംബന്ധിച്ച മൊഴിയില്‍ വ്യക്തത വരുത്താന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

