സി ജെ റോയിയുടെ സംസ്‌കാരം നാളെ
കുടുംബാംഗങ്ങള്‍ വിദേശത്തു നിന്ന് രാത്രി മടങ്ങിയെത്തും
ബെംഗളൂരു: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും. കുടുംബാംഗങ്ങള്‍ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും. റോയ്യുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബൗറിങ് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിന് ഉത്തരവാദി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പോലിസ് അറിയിച്ചു.
സംഭവത്തില്‍ കര്‍ണാടക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അശോക് നഗര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. ജീവനക്കാരുടേയും ഐടി ഉദ്യോഗസ്ഥരുടേയും മൊഴിയെടുത്തു. ഫൊറന്‍സിക്, ബാലിസ്റ്റിക് ടീമുകള്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിനു പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് റോയ് സ്വയം വെടിവെക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിങ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ്(ബില്‍ഡിങ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്'(കടരഹിത)നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14ാം സ്ഥാനത്തെത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.
കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു സി ജെ റോയ്.

