'സി ജെ റോയിയുടെ മരണം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല'; കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്
എടി ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ടിട്ടില്ലെന്നും കള്ളക്കച്ചവടം ചെയ്തിട്ടില്ലെന്നും ടി എ ജോസഫ്
ബെംഗളൂരു: റോയിയുടെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. ബെംഗളൂരുവില്‍ നടന്നത് പതിവ് ഐടി പരിശോധനയാണ്. പരിശോധനയില്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ പരിശോധനയുമായി സഹകരിച്ചുവെന്നും ടി എ ജോസഫ് പറഞ്ഞു. കമ്പനിക്ക് നിക്ഷേപകരോട് ഉത്തരവാദിത്തമുണ്ടെന്നും ആരേയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് വ്യക്തമാക്കി. സിനിമാ മേഖലയില്‍ ആര്‍ക്കും പണം നല്‍കാനില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും ടി എ ജോസഫ് പറഞ്ഞു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ മരണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടേയും ചില യൂട്യൂബ് ചാനലുകളിലൂടേയും കുടുംബത്തേയും കമ്പനിയേയും തകര്‍ക്കുന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചയാളെ പോലും ഇത്തരത്തില്‍ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് വളരെ മ്ലേച്ഛകരമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സി ജെ റോയിയുടെ നഷ്ടം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ജീവിതം ആഘോഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി. അന്വേഷണം എസ്‌ഐടിയുടെ പരിധിയിലുള്ളതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനാവില്ലെന്ന് ടി എ ജോസഫ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പറയാനാവില്ല. ഐടി ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ടിട്ടില്ലെന്ന് ടി എ ജോസഫ് പറഞ്ഞു.
കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണ്. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ രീതിയില്‍ പുരോഗമിക്കുന്നു എന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളത്. ചെയര്‍മാന്റെ മരണം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. കോണ്‍ഫിഡന്റ് ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്ന് ടി എ ജോസഫ് പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ആരും നിക്ഷേപകരായിട്ടില്ലെന്നും 'സീറോ ഇന്‍വെസ്റ്റ്മെന്റ്' രീതിയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പക്കല്‍ ആരെങ്കിലും പണം നിക്ഷേപിച്ചതായി രേഖകളുമായി വന്നാല്‍ അതിന്റെ ഇരട്ടിയായി തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും ടി എ ജോസഫ് പറഞ്ഞു. ഉപഭോക്താക്കള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലും ബെംഗളൂരുവിലുമുള്ള എല്ലാ പ്രോജക്റ്റുകളുടെയും ജോലികള്‍ പുനരാരംഭിച്ചതായും എംഡി അറിയിച്ചു. ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ടുപോകും. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പറയരുതെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വ്യക്തിപരമായി അധിക്ഷേപിച്ചു കുടുംബങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മോശമായ കാര്യങ്ങള്‍ ചെയര്‍മാനെ കുറിച്ച് പ്രചരിപ്പിച്ചിരുന്നു. ഇഡി റെയ്ഡ് നടന്നിട്ടില്ല. ജിഎസ്ടിയുടേയും ഇന്‍കം ടാക്‌സിന്റേയും സാധാരണ പരിശോധനയാണ് നടന്നത്. കള്ളക്കടത്ത്, ബിനാമി, കള്ളപ്പണം എന്നിവ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നതായും ടിഎ ജോസഫ് പറഞ്ഞു. കമ്പനി ബാങ്കില്‍ നിന്നോ, പ്രൈവറ്റ് ഫിനാന്‍സില്‍ നിന്നോ ഒന്നും പണം കടമെടുത്തിട്ടില്ല. കമ്പനിക്ക് ബാധ്യതകളോ ലോണോ ഇല്ലെന്ന് ടി എ ജോസഫ് പറഞ്ഞു.
ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. റോയിയുടെ സഹോദരന്റെ വാദം ജോസഫ് തള്ളി. സഹോദരന്‍ വൈകാരികമായി പ്രതികരിച്ചതാകാം. അത്തരത്തിലുള്ള കാര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മാനസിക സമ്മര്‍ദ്ദം പല രീതിയില്‍ ഉണ്ടാകാം. ഒരാളും റോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ടി എ ജോസഫ് പറഞ്ഞു. ഡയറി എഴുതിയത് കുടുംബത്തിന് വേണ്ടിയാണെന്നും അതും എസ്‌ഐടിക്ക് നല്‍കിയിട്ടുണ്ട്. സാമ്പത്തികമായും കുടുംബത്തിലും വ്യക്തിപരമായും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

