ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ 2026നുള്ള ഔദ്യോഗിക വിജ്ഞാപനം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ഉടന്‍ പുറത്തിറക്കുമെന്ന് സൂചന. ജനുവരി 14നു പ്രസിദ്ധീകരിക്കാനിരുന്ന വിജ്ഞാപനം സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴിയാണ് വിജ്ഞാപനം പുറത്തിറക്കുക. 2026 മെയ് മാസത്തില്‍ പ്രിലിമിനറി പരീക്ഷ നടത്താനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിജ്ഞാപനം പുറത്തുവരുന്നതോടെ ഒഴിവുകളുടെ എണ്ണം, അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതികള്‍, വിശദമായ സിലബസ് എന്നിവ സംബന്ധിച്ച വ്യക്തത ലഭിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്കുള്ള പ്രായപരിധി 21 വയസ്സിനും 32 വയസ്സിനും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിലവിലുള്ള നിയമാനുസൃത ഇളവുകള്‍ ബാധകമായിരിക്കും. അപേക്ഷിക്കുന്നതിന് മുന്‍പ് വണ്‍ ടൈം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പൊതുവിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷാ ഫീസ് 100 രൂപയാണ്. വിജ്ഞാപനം വന്നതിനു പിന്നാലെ upsconline.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക അറിയിപ്പുകള്‍ക്കും യുപിഎസ്‌സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.
