വ്യോമയാന മേഖലയില്‍ കര്‍ശന നടപടിയുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Update: 2025-10-26 07:31 GMT

റിയാദ്: വ്യോമയാന മേഖലയിലെ നിയമലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) രംഗത്ത്. 2025ലെ മൂന്നാം പാദത്തില്‍ അംഗീകൃത ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ ആകെ 246 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി അതോറിറ്റിയുടെ നിയമലംഘന സമിതിയുടെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

48 ലക്ഷം റിയാലിലധികം പിഴയാണ് ഈ കാലയളവില്‍ ചുമത്തിയത്. അതില്‍ ഭൂരിഭാഗവും വിമാനക്കമ്പനികളോട് ബന്ധപ്പെട്ടതാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ രേഖകള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയതും അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമാണ് കുറ്റങ്ങള്‍. ഈ വിഭാഗത്തിലേക്ക് മാത്രം 45 ലക്ഷം റിയാലിലധികം പിഴ ചുമത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.

അതോടൊപ്പം, ലൈസന്‍സുള്ള മറ്റു കമ്പനികള്‍ എക്‌സിക്യൂട്ടീവ് റെഗുലേഷനുകള്‍ പാലിക്കാത്തതിനും ആവശ്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതിനും പിഴ നേരിട്ടു. നാലുകേസുകളില്‍ 2.6 ലക്ഷം റിയാലും മൂന്നു കേസുകളില്‍ 75,000 റിയാലും പിഴയായി ചുമത്തി. അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചതിന് 1,000 റിയാല്‍, ഫ്‌ലൈറ്റ് ലൈസന്‍സ് പുതുക്കുന്നതിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് 10,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.

വ്യോമയാന മേഖലയിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ഗാക്ക വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയും സേവനത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കാന്‍ നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Tags: