സ്‌ട്രോങ് റൂം സുരക്ഷാ തര്‍ക്കം; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരേ സിഐഎസ്എഫ് സൈനികര്‍ തോക്ക് ചൂണ്ടി
കോട്ടയം: കോട്ടയം ബസേലിയസ് കോളജില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിന്റെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരേ സിഐഎസ്എഫ് സൈനികര്‍ തോക്ക് ചൂണ്ടി. സ്‌ട്രോംഗ് റൂമിന്റെ താക്കോല്‍ പൂട്ടിനൊപ്പം സീല്‍ ചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്റെ നിര്‍ദ്ദേശമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സാധാരണയായി സ്‌ട്രോങ് റൂമുകള്‍ക്ക് രണ്ടു പൂട്ടുകള്‍ ഉണ്ടാകുകയും, അവയുടെ താക്കോലുകള്‍ റിട്ടേണിങ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുമാണ് കൈവശം വയ്ക്കുന്നത്.
എന്നാല്‍ പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രയോഗിക്കുന്ന രീതിയില്‍ രണ്ടു താക്കോലുകളും ഒരുമിച്ച് സീല്‍ ചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ സിന്‍ഹയുടെ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കാതിരുന്നതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് സ്ഥലത്തെത്തിയ കലക്ടര്‍ നിലവിലുള്ള പതിവ് പ്രകാരം താക്കോലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തന്നെ കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി.
കലക്ടറുടെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കോളജിലെത്തിയപ്പോഴാണ് സിഐഎസ്എഫ് സൈനികര്‍ തോക്ക് ചൂണ്ടിയത്. സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി.
