സ്‌കൂളുകള്‍ക്കുള്ള ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 12 ദിവസം
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാണ് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ അധ്യയനവര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത്തവണ ക്രിസ്മസ് അവധി 12 ദിവസമുണ്ടാകും. ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.
സാധാരണ ക്രിസ്മസ് അവധി പത്തു ദിവസമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിനങ്ങളുടെ എണ്ണം കൂടിയത്. ഡിസംബര്‍ 15ന് തുടങ്ങുന്ന ക്രിസ്മസ് പരീക്ഷകള്‍ 23നാണ് അവസാനിക്കുക. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് ശേഷം 23നാണ് സ്‌കൂള്‍ അടയ്ക്കുക. പിന്നീട് ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിന് സ്‌കൂള്‍ തുറക്കും.