ചൈനീസ് ഗായകനും നടനുമായ അലന്‍ യു മെങ്‌ലോംഗ് മരിച്ച നിലയില്‍

Update: 2025-09-13 04:55 GMT

ബീജിങ്: ജനപ്രിയ ചൈനീസ് ഗായകനും നടനുമായ അലന്‍ യു മെങ്‌ലോംഗ് (37) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

സുഹൃത്തിന്റെ വീട്ടില്‍ അത്താഴസദ്യ കഴിഞ്ഞ് രാത്രി 2 മണിയോടെ മുറിയില്‍ കയറി വാതില്‍ പൂട്ടിയ ശേഷം രാവിലെ 6 മണിയോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കെട്ടിടത്തിന്റെ താഴെ വീണുകിടക്കുന്നത് കണ്ടെത്തിയത്. താമസിച്ചിരുന്ന അഞ്ചാം നിലയിലെ ജനല്‍ തകര്‍ന്ന നിലയിലുമായിരുന്നു. മരണം അലന്റെ ടീം വെയ്‌ബോയിലൂടെ സ്ഥിരീകരിച്ചു.

2007ല്‍ 'മൈ ഷോ, മൈ സ്‌റ്റൈല്‍' എന്ന റിയാലിറ്റി ഷോയിലൂടെയാണ് യു മെങ്‌ലോംഗ് കരിയറിന് തുടക്കമിട്ടത്. 2011ല്‍ 'ദി ലിറ്റില്‍ പ്രിന്‍സ്' എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തും എത്തി. 'ദി എറ്റേണല്‍ ലവ്', 'ദി ലെജന്‍ഡ് ഓഫ് വൈറ്റ് സ്‌നേക്ക്', 'ഗോ പ്രിന്‍സസ് ഗോ' തുടങ്ങിയ പരമ്പരകളിലെ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരം, സംഗീത രംഗത്തും ഒരുപോലെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. നിരവധി സംഗീത വീഡിയോകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 'ദി മൂണ്‍ ബ്രൈറ്റന്‍സ്ഫോര്‍ യു'യിലെ 'ലിന്‍ ഫാങ്' എന്ന കഥാപാത്രം അദ്ദേഹത്തിന് ഏറെ പ്രശസ്തിയും നേടി കൊടുത്തിരുന്നു.

Tags: