അമേരിക്കയ്ക്കു പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്; വിക്ടറി ദിന പരേഡില്‍ ശക്തിപ്രകടനം
ബീജിംഗ്: ''ചൈനയെ തടയാന്‍ ആര്‍ക്കും കഴിയില്ല, ഭീഷണികള്‍ക്ക് വഴങ്ങാനും ചൈന ഒരിക്കലും തയ്യാറല്ല,'' വിക്ടറി ദിന പരേഡില്‍ പങ്കെടുത്ത് ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ടുള്ള പരോക്ഷ മുന്നറിയിപ്പായാണ് ഷിജിന്‍പിങിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
ബീജിങ്ങില്‍ നടന്ന വിക്ടറി ദിന പരേഡില്‍ ഷിജിന്‍പിങിനൊപ്പം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പങ്കെടുത്തു. രാജ്യത്തിന്റെ ശക്തിയും സൈനിക ശേഷിയും പ്രകടിപ്പിക്കുന്ന സന്ദേശമായിരുന്നു പരേഡ്.
ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ പുടിന്‍-കിം ജോങ് ഉന്‍-ഷിജിന്‍പിങ് കൂട്ടുകെട്ടിനെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന. ''ചൈനയ്ക്ക് സ്വാതന്ത്ര്യം നേടാന്‍ അമേരിക്ക നല്‍കിയ സഹായം ഷിജിന്‍പിങ് ഒരിക്കലും പരാമര്‍ശിക്കില്ല'' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം
അതേസമയം, അമേരിക്ക ഉയര്‍ന്ന തീരുവ ചുമത്തിയ സാഹചര്യത്തില്‍ ചൈനയും ഇന്ത്യയും വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ഷിജിന്‍പിങിന്റെ പ്രസ്താവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
വിക്ടറി ദിന പരേഡില്‍ ചൈനയുടെ സൈനിക കരുത്ത് പ്രകടിപ്പിക്കുന്ന അത്യാധുനിക യുദ്ധോപകരണങ്ങള്‍ അണിനിരന്നു. ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകളെ തകര്‍ക്കുന്ന ലേസര്‍ സംവിധാനങ്ങള്‍, ഭീമാകാര അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ എന്നിവ ചൈനീസ് സൈന്യത്തിന്റെ ശക്തിയുടെ തെളിവുകളായി പ്രദര്‍ശിപ്പിച്ചു.
ജപ്പാനെതിരെ രണ്ടാം ലോകമഹായുദ്ധത്തില്‍ ചൈന നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വിക്ടറി ദിന പരേഡ് സംഘടിപ്പിച്ചത്. 26 ലോകനേതാക്കള്‍ പങ്കെടുക്കുന്ന പരേഡ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശമായി മാറി.
