ചൈനീസ് നിര്‍മ്മിത റോബോട്ടിനെ സര്‍വകലാശാലയുടെ കണ്ടുപിടുത്തമായി അവതരിപ്പിച്ചു; എഐ എക്‌സ്‌പോ'യില്‍ നിന്ന് ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്നുവരുന്ന ഇന്ത്യ എഐ എക്‌സ്‌പോ'യില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കി. ചൈനീസ് നിര്‍മ്മിത റോബോട്ടിനെ സര്‍വകലാശാലയുടെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ചതിനേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് വികസിപ്പിച്ചെടുത്ത ഓറിയോണ്‍ എന്ന റോബോട്ടിക് നായയെയാണ് ഇവര്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചത്. തദ്ദേശീയമായ വലിയൊരു നേട്ടമെന്ന നിലയിലാണ് പ്രാരംഭഘട്ടത്തില്‍ ഇത് ആഘോഷിക്കപ്പെട്ടത്.എന്നാല്‍, പ്രദര്‍ശിപ്പിക്കപ്പെട്ട റോബോട്ട് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് നിര്‍മ്മിച്ച മോഡലാണെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി.
അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 1,600 ഡോളര്‍ (1.3 ലക്ഷം രൂപ) വിലയ്ക്ക് ലഭ്യമായ ഈ റോബോട്ടിന് മുകളില്‍ നിര്‍മ്മാതാക്കളുടെ ബ്രാന്‍ഡിംഗ് ചിഹ്നങ്ങള്‍ പോലും വ്യക്തമായി കാണാമായിരുന്നു. വിദേശത്തുനിന്ന് വാങ്ങിയ ഒരു ഉല്‍പ്പന്നത്തെ സര്‍വകലാശാല സ്വന്തം ലേബലില്‍ അവതരിപ്പിച്ചത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവച്ചു.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയും ഈ റോബോട്ടിന്റെ ദൃശ്യങ്ങള്‍ വലിയ പ്രാധാന്യത്തോടെ പങ്കുവെച്ചിരുന്നു. വിഷയം വിവാദമായതോടെ സര്‍ക്കാരിനും വലിയ നാണക്കേടായി. ഇതേത്തുടര്‍ന്ന്, എഐ എക്‌സ്‌പോയിലെ തങ്ങളുടെ സ്റ്റാള്‍ ഉടന്‍ തന്നെ ഒഴിയാന്‍ ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയോട് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
