വ്യാപാര സംഘര്‍ഷം; ജനീവയില്‍ മുതിര്‍ന്ന യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച
ജനീവ: ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി എന്ന നിലക്ക് ജനീവയില്‍ മുതിര്‍ന്ന യുഎസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയതായി റിപോര്‍ട്ട്.
ആഴ്ചകളായി വര്‍ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെയാണ് ചൈനയുടെ വൈസ് പ്രധാനമന്ത്രി ഹെ ലൈഫെങ്ങും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും കൂടിക്കാഴ്ച നടത്തുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരിക്കുന്ന തീരുവ 245% ആക്കിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
ഏപ്രില്‍ മൂന്നിന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ചാണ് ട്രംപ് പരസ്പര താരിഫുകള്‍ പ്രഖ്യാപിച്ചത്. വിപണിയിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലും നയം മാറ്റത്തിന് തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റിന്റെ നിലപാട് സാഹചര്യം ഗുരുതരമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴുണ്ടായ കൂടിക്കാഴ്ച സാമ്പത്തിക മേഖലയിലെ അസ്ഥിരത ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷയെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 'ജനീവ ആസ്ഥാനമായുള്ള ലോക വ്യാപാര സംഘടനയുടെ തലവനായ എന്‍ഗോസി ഒകോന്‍ജോ-ഇവാല ചര്‍ച്ചകളെ സ്വാഗതം ചെയ്തു. വ്യാപാര യുദ്ധത്തിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള പോസിറ്റീവും ക്രിയാത്മകവുമായ ഒരു ചുവടുവയ്പ്പ്' എന്നാണ് അദ്ദേഹം ചര്‍ച്ചയെ വിശേഷിപ്പിച്ചത്.