ചൈനയുടെ 'ഷവോപെങ്' പറക്കും കാറുകളുടെ പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ചു; ടെസ്ലയും അലെഫ് എയറോനോട്ടിക്‌സും മല്‍സരരംഗത്ത്

Update: 2025-11-04 11:25 GMT

ബെയ്ജിങ്: വാഹനലോകത്തെ അടുത്ത തലമുറയിലേക്ക് വലിയ ചുവടുവെപ്പുമായി ചൈന. ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ 'ഷവോപെങ്' കമ്പനി പറക്കും കാറുകളുടെ പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ചതായി റിപോര്‍ട്ടുകള്‍. യുഎസ് ആസ്ഥാനമായ ടെസ്ലയും അലെഫ് എയറോനോട്ടിക്‌സും സമാനമായ പദ്ധതികളുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൈനയുടെ ഈ നീക്കം.

അടുത്ത തലമുറ ഗതാഗത രംഗത്തിലെ വാണിജ്യവല്‍ക്കരണത്തിലെ നിര്‍ണായക നാഴികക്കല്ല് എന്ന നിലയ്ക്കാണ് ഈ വികസനം വിലയിരുത്തപ്പെടുന്നത്. ഗ്വാങ്ഷൂവിലെ ഹുവാങ്പു ജില്ലയിലെ 1,20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പ്ലാന്റിലാണ് പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ചത്.

കമ്പനി ഇതിനകം തന്നെ വേര്‍പെടുത്താവുന്ന ഇലക്ട്രിക് വിമാന ഘടകമായ 'ലാന്‍ഡ് എയര്‍ക്രാഫ്റ്റ് കാരിയര്‍' പുറത്തിറക്കിയതായി ചൈനീസ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ഈ പ്ലാന്റ് വര്‍ഷത്തില്‍ 10,000 വിമാന മൊഡ്യൂളുകള്‍ വരെ നിര്‍മ്മിക്കാനുള്ള ശേഷിയുള്ളതായും, പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍ ഓരോ 30 മിനിറ്റിലും ഒരു പറക്കും ഭാഗം കൂട്ടിച്ചേര്‍ക്കാനാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഉല്‍പ്പന്നം അവതരിപ്പിച്ചതിനു പിന്നാലെ 5,000 ഫ്‌ലൈയിങ് കാറുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചു. വന്‍തോതിലുള്ള ഉല്‍പ്പാദനവും വിതരണവും 2026ല്‍ ആരംഭിക്കാനാണ് ഷവോപെങിന്റെ പദ്ധതി.

'ഫ്‌ലൈയിങ് കാര്‍' പദ്ധതിയില്‍ 'മദര്‍ഷിപ്പ്' എന്നറിയപ്പെടുന്ന ആറു ചക്രങ്ങളുള്ള ഗ്രൗണ്ട് വെഹിക്കിളും വേര്‍പെടുത്താവുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (EVTOL) വിമാനവും ഉള്‍പ്പെടുന്നു. ഓട്ടോമാറ്റിക്, മാനുവല്‍ ഫ്‌ലൈറ്റ് മോഡുകള്‍ ഉള്ള ഈ വാഹനം 5.5 മീറ്റര്‍ നീളമുള്ളതും സാധാരണ റോഡുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ലൈസന്‍സോടെ ഓടിക്കാവുന്നതുമാണ്.

അതേസമയം, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തന്റെ സ്ഥാപനം പറക്കും കാര്‍ നിര്‍മ്മാണത്തിലേക്ക് അടുത്തിരിക്കുകയാണെന്ന് 'ഫോക്‌സ് ന്യൂസ്' റിപോര്‍ട്ട് ചെയ്തു. രണ്ടുമാസത്തിനുള്ളില്‍ ഉല്‍പന്നം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അത് മറക്കാനാവാത്ത അനുഭവമായിരിക്കും എന്നും മസ്‌ക് പറഞ്ഞു.

ഇതിനിടെ, മറ്റൊരു യുഎസ് സ്ഥാപനമായ 'അലെഫ് എയറോനോട്ടിക്‌സ്' അടുത്തിടെ സ്വന്തം പറക്കും കാറുകളുടെ പരീക്ഷണയോട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും വാണിജ്യ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചു. അവരുടെ സിഇഒ ജിം ഡുക്കോവ്‌നി വ്യക്തമാക്കിയതനുസരിച്ച്, കമ്പനി ഇതിനകം ഒരു ബില്യണ്‍ യുഎസ് ഡോളറിലധികം മുന്‍കൂര്‍ ബുക്കിങ് നേടിയിട്ടുണ്ട്.

Tags: