പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയില്‍ പേവിഷ ബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ നായയുടെ ഉടമക്കെതിരേ കേസെടുത്ത് പോലിസ്. നാരങ്ങാനം തറഭാഗം മേപ്പുറത്ത് വിദ്യാഭവനില്‍ തുളസീഭായിക്ക് എതിരെയാണ് കേസ്.
വീട്ടില്‍ വളര്‍ത്തിയ നായയ്ക്ക് ലൈസന്‍സോ വാക്സിനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് നായ മകളെ കടിച്ചതെന്നും കാണിച്ച് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പോലിസ് കേസ് എടുത്തത്. കുട്ടിയെ കടിച്ച നായ മൂന്നാം ദിവസം ചത്തു. ഇതിനേ തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ നായക്ക് പേവിഷ ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് മുന്‍കരുതല്‍ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
2024 ഡിസംബര്‍ 13ന് രാവിലെ സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് 13കാരിയായ ഭാഗ്യക്ഷ്മിയെ നായ കടിച്ചത്. പേവിഷ ബാധയ്ക്കുള്ള വാക്സിന്‍ എടുത്തിരുന്നെങ്കിലും നാലു മാസത്തിനു ശേഷം കുട്ടിക്ക് രോഗബാധയുണ്ടായി. കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.