വീടിന് തീപിടിച്ച് ബാലതാരം വീര്‍ ശര്‍മയും സഹോദരനും മരിച്ചു

Update: 2025-09-29 11:29 GMT

ജയ്പുര്‍: വീടിന് തീപിടിച്ച് ടെലിവിഷന്‍ ബാലതാരം വീര്‍ ശര്‍മ (8)യും സഹോദരന്‍ ശൗര്യ ശര്‍മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലെ ദീപ്ശ്രീ ബില്‍ഡിങ്ങില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

ശ്രീമദ് രാമായണ്‍ സീരിയലില്‍ പുഷ്‌കല്‍ എന്ന കഥാപാത്രമായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വീര്‍ ശര്‍മ. അപകടസമയത്ത് കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. അമ്മയായ നടി രിത ശര്‍മയും പിതാവ് ജിതേന്ദ്ര ശര്‍മയും പുറത്തായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായതെന്നും പുക ശ്വസിച്ചതാവാം മരണകാരണമെന്ന് കോട്ട സിറ്റി എസ്പി തേജസ്വിനി ഗൗതം പറഞ്ഞു.

പുക കണ്ട അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Tags: