ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: പ്രാഥമികതല മല്‍സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2026-01-09 16:22 GMT

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മല്‍സരം സംസ്ഥാനവ്യാപകമായി ജനുവരി 12ന് രാവിലെ 11ന് ആരംഭിക്കും. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാഥമികതല മല്‍സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 12,000ഓളം സ്‌കൂളുകളിലും 1,200ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മല്‍സരത്തില്‍ അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ സ്‌കൂളുകളും കോളേജുകളും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് ലഭിക്കുന്ന എസ്എംഎസ് മുഖേന യൂസര്‍നെയിമും പാസ്വേഡും സെറ്റ് ചെയ്യണം. തുടര്‍ന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കണം. സ്‌കൂള്‍, കോളേജ് നോഡല്‍ ഓഫീസര്‍ ജനുവരി 12ന് രാവിലെ 10.30ന് ഐഡിയില്‍ ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യണം. രാവിലെ 11.10 ഓടെ ഉത്തരസൂചികയും ഡൗണ്‍ലോഡ് ചെയ്യാം. മല്‍സരാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍ രാവിലെ 10.30നകം സജ്ജമാക്കണം. മല്‍സരം പൂര്‍ണമായും എഴുത്തു പരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മല്‍സരം നടക്കും.

പ്രാഥമിക മല്‍സരത്തിനായി 30 ചോദ്യങ്ങളും ടൈബ്രേക്കര്‍ സെഷനായി 10 ചോദ്യങ്ങളുമാണുള്ളത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും. വീണ്ടും സമനില വന്നാല്‍, പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നല്‍കിയ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയവരെ വിജയികളായി പരിഗണിക്കും. ക്വിസിന്റെ പഠനസഹായ സാമഗ്രിയായ എന്റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റല്‍ കോപ്പി വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല, കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം മല്‍സരങ്ങളാണ് നടത്തുന്നത്. സ്‌കൂള്‍ തല മല്‍സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ടു ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മല്‍സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.

സ്‌കൂള്‍ തലത്തില്‍ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മല്‍സരം സംഘടിപ്പിക്കുക. സ്‌കൂള്‍ തലത്തില്‍ വ്യക്തിഗതമായി നടത്തുന്ന മല്‍സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതല്‍ മല്‍സരം ടീമുകളാകും മല്‍സരിക്കുക. കോളേജ് വിഭാഗത്തില്‍ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മല്‍സരം. കോളേജ് തലത്തില്‍ വ്യക്തിഗതമായും പിന്നീട് ടീമായും മല്‍സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലേയും അന്തിമ വിജയിയെ കണ്ടെത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നത്.

Tags: