കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

Update: 2026-02-09 03:10 GMT

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. 449 കോടി രൂപ ചെലവില്‍ കളമശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ഒന്‍പത് നില കെട്ടിടം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കളമശേരി മെഡിക്കല്‍ കോളേജ് ക്യാംപസില്‍ 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണത്തിലാണ് ഒന്‍പത് നില കെട്ടിടം. അര്‍ബുദ ചികില്‍സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സജ്ജമായിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രി പി രാജീവ് പ്രഭാഷണം നടത്തും. ചികില്‍സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം ആര്‍സിസിയെ ആശ്രയിക്കുന്ന രോഗികള്‍ക്ക് ഇതോടെ കൊച്ചിയില്‍ തന്നെ ലോകോത്തര നിലവാരത്തിലുള്ള ചികില്‍സ ലഭ്യമാകും.

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ക്യാംപസില്‍ 385 കോടി രൂപ ചെലവില്‍ കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന്‍ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരെണ്ണം ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമായി കെട്ടിടത്തില്‍ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്.