കർണാടകയിൽ താമസിക്കുന്നവർ കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Update: 2024-06-21 06:00 GMT

ബംഗളൂരു: കന്നഡ ഭാഷയും ദേശവും വെള്ളവും സംരക്ഷിക്കാന്‍ മുഴുവന്‍ കന്നഡക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ താമസിക്കുന്നവര്‍ എല്ലാവരും കന്നഡ പഠിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാതൃഭാഷ സംസാരിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക വിധാന്‍ സൗധിന്റെ പടിഞ്ഞാറെ കവാടത്തില്‍ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമിപൂജാ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കര്‍ണാടകയില്‍ താമസിക്കുന്ന മുഴുവന്‍ പേരും കന്നഡ സംസാരിക്കുമെന്ന് തീരുമാനിക്കണം. കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണം. കന്നഡക്കാര്‍ ഉദാരമതികളാണ്. അതുകൊണ്ടാണ് കന്നഡ പഠിക്കാതെ അന്യഭാഷ സംസാരിക്കുന്നവര്‍ക്ക് പോലും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം കര്‍ണാടകയിലുള്ളത്. തമിഴ്‌നാട്, ആന്ധ്ര, കേരള എന്നീ സംസ്ഥാനങ്ങളില്‍ ഇതേ അവസ്ഥ കാണാന്‍ കഴിയില്ല. അവര്‍ മാതൃഭാഷയില്‍ മാത്രമേ സംസാരിക്കൂ. നമ്മള്‍ മാതൃഭാഷയിലും സംസാരിക്കണം, അതില്‍ നാം അഭിമാനിക്കണം' സിദ്ധരാമയ്യ പറഞ്ഞു.

കന്നഡ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. അതിന് സംസ്ഥാനത്ത് താമസിക്കുന്നവരെല്ലാം കന്നഡ പഠിക്കണം. കന്നഡ സ്‌നേഹം വളര്‍ത്തിയെടുക്കണം. നമ്മുടെ ഭാഷയോടും ദേശത്തോടും രാജ്യത്തോടും ബഹുമാനവും ആദരവും വളരണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

വിധാന്‍ സൗധിന്റെ പടിഞ്ഞാറെ കവാടത്തില്‍ സ്ഥാപിക്കുന്ന നന്ദാദേവി ഭുവനേശ്വരിയുടെ 25 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ നിര്‍മാണം നവംബര്‍ ഒന്നിന് പൂര്‍ത്തിയാകും. സംസ്ഥാനത്തിന് കര്‍ണാടക എന്ന് പേരിട്ടിട്ട് 50 വര്‍ഷം തികയുന്നത് നവംബര്‍ ഒന്നിനാണ്.

Tags: