കോണ്‍ഗ്രസ് മാത്രമാണ് പറയുന്നത് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Update: 2026-02-15 05:33 GMT

ബെംഗളൂരു: കോണ്‍ഗ്രസ് മാത്രമാണ് പറയുന്നത് ചെയ്യുന്നതെന്നും കേന്ദ്രത്തില്‍ നിന്നുള്ള അനീതി കണ്ടിട്ടും ബിജെപി എംപിമാര്‍ പ്രതികരിക്കുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാര്‍ 1,000 ദിവസം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഹവേരിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

കര്‍ണാടക കേന്ദ്ര സര്‍ക്കാരിന് 4.5 ലക്ഷം കോടി രൂപ നികുതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നമുക്ക് ലഭിച്ചത് 60,000 കോടി രൂപ മാത്രമാണ്. കേന്ദ്രത്തിന് നമ്മള്‍ അടയ്ക്കുന്ന ഓരോ 100 രൂപ നികുതിക്കും ഏകദേശം 13 മുതല്‍ 14 രൂപ വരെ മാത്രമേ തിരികെ ലഭിക്കുന്നുള്ളൂ. മൂന്ന് വര്‍ഷം മുമ്പ്, മേല്‍ഭദ്ര പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 5,300 കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇതുവരെ ഒരു പൈസ പോലും അനുവദിച്ചിട്ടില്ല. 15-ാം ധനകാര്യ കമ്മീഷന്‍ പ്രകാരം നല്‍കേണ്ട 11,495 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ല. ജല്‍ ജീവന്‍ മിഷന് കീഴില്‍ നല്‍കേണ്ട 15,000 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ല.

നമ്മുടെ സര്‍ക്കാര്‍ 1,000 ദിവസത്തെ ഭരണം വിജയകരമായി പൂര്‍ത്തിയാക്കി. ഈ കാലയളവില്‍, ദലിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി ക്ഷേമ നടപടികള്‍ ഞങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതെന്ന് സിദ്ധരാമയ്യ ആവര്‍ത്തിച്ചു.

ഇന്ന് ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു. റവന്യൂ വകുപ്പ് ഏറ്റെടുത്ത പ്രചാരണത്തിന്റെ രണ്ടാം ഘട്ടമാണിത്. ഇതുവരെ 2.20 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പട്ടയം ലഭിച്ചു. ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: