സ്ത്രീസുരക്ഷാ പദ്ധതിയിലേക്ക് എട്ടരലക്ഷം പേര്‍ അപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി

Update: 2026-01-03 15:35 GMT

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേര്‍ അപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കുന്നു.

35നും 60നും ഇടയില്‍ പ്രായമുള്ള, യാതൊരു ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന(മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം(പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രതിമാസം 1,000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ കുറിപ്പ്;

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. ഈ ചെറിയ കാലയളവിനുള്ളില്‍ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേര്‍ അപേക്ഷിച്ചുവെന്നത് സര്‍ക്കാര്‍ ഇടപെടലിന് ലഭിച്ച സ്വീകാര്യതയുടെ വൈപുല്യം വെളിവാക്കുന്നു. 35നും 60നും ഇടയില്‍ പ്രായമുള്ള, യാതൊരു ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ അപേക്ഷകള്‍ https://ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറും.

Tags: