മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍

Update: 2026-03-17 02:57 GMT

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ നടക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന്‍ മണ്ഡലത്തില്‍ സജീവമാകും. സിപിഎം വിട്ട ടി കെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാര്‍ഥിത്വം ജില്ലയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയേക്കും.

ധര്‍മ്മടം നിയമസഭാ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ജനിച്ചു വളര്‍ന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വര്‍ഷം നിയമസഭയില്‍ പ്രവര്‍ത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് യാഥാര്‍ത്ഥ്യമാക്കി. രാജ്യത്ത് വര്‍ഗീയശക്തികള്‍ വളരുമ്പോളും കേരളമെന്നാല്‍ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി. കീഴടക്കാന്‍ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എക്കാലത്തും ജനങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണയും സ്‌നേഹവുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരുത്തേകിയതെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

Tags: