'പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി മുഖ്യമന്ത്രി 14 ദിവസം വൈകിപ്പിച്ചു'; വി ഡി സതീശന്‍
കോഴിക്കോട്: പി ടി കുഞ്ഞുമുഹമ്മദിനെതിരേ മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എഫ്‌ഐആര്‍ ഇടാന്‍ വൈകിയതിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. സിപിഎം മുന്‍ എംഎല്‍എ പി ടി കുഞ്ഞുമുഹമ്മദിനെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയ അതിജീവിതയുടെ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
14 ദിവസം വൈകിയാണ് എഫ്‌ഐആര്‍ ഇട്ടത്. ഇത് ഗുരുതര തെറ്റാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. പ്രതിസ്ഥാനത്ത് സ്വന്തക്കാര്‍ വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് സ്നേഹം കൂടിയെന്നും, സ്ത്രീ സുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന ഒരു സ്ഥലത്താണ് ഇതൊക്കെ നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ടുവരെ എഫ്ഐആര്‍ ഇട്ടില്ലെന്നത് സ്വന്തക്കാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ എടുക്കാന്‍ തയാറായില്ല.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെപിസിസി അധ്യക്ഷന് പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ പോലിസിന് കൈമാറുകയും അന്നു തന്നെ എഫ്ഐആര്‍ ഇടുകയും ചെയ്തിരുന്നത് വി ഡി സതീശന്‍ ഓര്‍മിപ്പിച്ചു. ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലയ്ക്ക് എടുക്കാതെ പതിനാല് ദിവസം വൈകിപ്പിക്കുകയാണുണ്ടായത്. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിജീവിത കാട്ടിയ ധൈര്യം പലര്‍ക്കും കാണിക്കാനാകില്ല. തുറന്നു പറയാനുള്ള ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിക്കുന്നു.
എന്തുകൊണ്ട് എഫ്ഐആര്‍ എടുക്കുന്നത് വൈകിപ്പിച്ചു എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചരണവും ഈ നടപടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ. സ്വന്തക്കാര്‍ വന്നപ്പോള്‍ സ്‌നേഹം കൂടിയോ? മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഇതാണ് സ്ഥിതിയെങ്കില്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്തായിരിക്കും സ്ഥതി എന്നും സതീശന്‍ ചോദിച്ചു.
