വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ലെന്ന് പിണറായി വിജയന്‍

Update: 2025-12-24 13:50 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കൊള്ളയില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. പന്തളം, കൊടുങ്ങല്ലൂര്‍ നിയമസഭാ ഭരണം എല്‍ഡിഎഫാണ് പിടിച്ചത്. അതുകൊണ്ട് ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തി മുന്നോട്ട് പോകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തെയും കാറില്‍ കയറ്റിയതിനെയും ന്യായീകരിച്ച് മുഖ്യമന്ത്രി. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് അദ്ദേഹം നടന്നുപോകുന്നത് ഒഴിവാക്കാനെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെള്ളാപ്പള്ളി കാറില്‍ കയറിയത് മഹാ അപരാധമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പമ്പയിലേക്ക് ഇറങ്ങുമ്പോഴാണ് വെള്ളാപ്പള്ളി കാണാന്‍ വരുന്നത്, അപ്പോഴാണ് കാറില്‍ കയറ്റിയതെന്ന് മുഖ്യമന്ത്രി. ഒരു തരത്തിലും തൊട്ടുകൂടാന്‍ പറ്റാത്ത ഒരാളല്ല വെള്ളാപ്പള്ളി. അതിലൊരു അപാകതയും താന്‍ കാണുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. വെള്ളാപ്പള്ളിയുടെ വിമര്‍ശനം ന്യൂനപക്ഷങ്ങള്‍ക്കല്ലെന്നും ലീഗിനെതിരെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. സാമുദായിക നേതാക്കള്‍ അവരുടെ അഭിപ്രായം പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും സോണിയ ഗാന്ധിയുമായി ഒപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഒരു ചിത്രത്തില്‍ ഗോവര്‍ധനില്‍ നിന്നും സോണിയ ഗാന്ധി ഉപഹാരം സ്വീകരിക്കുന്നു. ഒരു ചിത്രത്തില്‍ കയ്യില്‍ എന്തോ കെട്ടിക്കൊടുക്കുന്നു. ഒരു ചിത്രത്തില്‍ ആന്റോ ആന്റണിയും മറ്റൊരു ചിത്രത്തില്‍ അടൂര്‍ പ്രകാശും ഒപ്പമുണ്ട്. സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള കാല താമസത്തെക്കുറിച്ച് ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സോണിയ ഗാന്ധിയുമായി സ്വര്‍ണ കേസിലെ പ്രതികള്‍ക്ക് എങ്ങനെ അപ്പോയിന്‍മെന്റ് ലഭിച്ചു.' മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം നഗരസഭയിലുണ്ടായ തോല്‍വി പ്രത്യേക കാരണങ്ങള്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയും താത്കാലിക നീക്കുപോക്കുണ്ടാക്കി ഒന്നിച്ച് അണിനിരന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇപ്പൊഴും വോട്ടുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് എല്‍ഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉയര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പോറ്റിയെ കേറ്റിയെ' എന്ന പാട്ടിനെതിരേ കേസെടുത്തത് സര്‍ക്കാര്‍ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകും പരാതി കിട്ടിയതിനാലാണ് പോലിസ് കേസെടുത്തത്. പിന്നീട് സര്‍ക്കാരിന്റെ നയത്തിനനുസരിച്ച് തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Tags: