യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Update: 2026-03-26 04:42 GMT

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം. അടിയന്തര നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് ഒരു മണിക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ് ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദാണ് യു പ്രതിഭയ്‌ക്കെതിരെ സ്ത്രീ വിരുദ്ധപരാമര്‍ശം നടത്തിയത്.

കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മുസ് ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിങ്് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. ശരീര അഴക് വില്‍പ്പന ചരക്കാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം. വാക്ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നുവെന്ന് ഇര്‍ഷാദ് ആക്ഷേപിച്ചിരുന്നു.

തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്. എന്നാല്‍, മാപ്പ് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും വ്യക്തിപരമായ അധിക്ഷേപം വലിയ വേദന ഉണ്ടാക്കിയെന്നും വികാരാധീനയായി യു പ്രതിഭ പ്രതികരിച്ചു. 'പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടി. ഇപ്പോഴും മനസ്സില്‍ വേദനയുണ്ട്. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പോലിസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും' എന്നും പ്രതിഭ പ്രതികരിച്ചു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ എ ഇര്‍ഷാദിനെതിരെ മുസ് ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എ ഇര്‍ഷാദിനെ നീക്കുകയും പകരം മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

എന്നാല്‍ ഇര്‍ഷാദിന്റെ പരാമര്‍ശത്തെ തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു രംഗത്തെത്തി. യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും ശരിയായി തോന്നിയില്ലയെന്നും തെറ്റായ പരാമര്‍ശമാണെന്നും ലിജു പറഞ്ഞു. ഇത്തരം മോശം പ്രസ്താവന അംഗീകരിക്കില്ലയെന്നും യുഡിഎഫ് നേതൃത്വത്തിനായി താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു ലിജു പറഞ്ഞത്.