നിയമസഭയില്‍ ചാണകത്തില്‍ നിര്‍മ്മിച്ച ബജറ്റ് ബാഗുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്റെ ബജറ്റ് എന്ന് ഭൂപേഷ് ഭാഗെല്‍ ബജറ്റിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു

Update: 2022-03-09 09:53 GMT

റായ്പൂര്‍:നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ കൊണ്ടുവന്നത് പശുച്ചാണകം കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍. 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ നിയമ സഭയില്‍ എത്തിയത്.കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്റെ ബജറ്റ് എന്ന് ഭൂപേഷ് ഭാഗെല്‍ ബജറ്റിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'എക് പാഹല്‍' എന്ന വനിത സഹകരണ സംഘമാണ് പശു ചാണകം കൊണ്ടുള്ള പെട്ടി നിര്‍മ്മിച്ചത്.റായിപ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വനിതാ സംഘം 10 ദിവസമെടുത്താണ് ചാണകപ്പൊടി ഉപയോഗിച്ച് പെട്ടി നിര്‍മ്മിച്ചത്.ചാണകപ്പൊടി,ചുണ്ണാമ്പ് പൊടി, മരത്തടി, മൈദ എന്നിവയും ഈ പെട്ടി നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ലെ ബജറ്റില്‍ തന്നെ കര്‍ഷകരില്‍ നിന്നും ചാണകം ശേഖരിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റാണ് ഭൂപേഷ് ഭാഗെല്‍ അവതരിപ്പിക്കുന്നത്.

പശുവിനെ ദൈവമായി ആരാധിക്കുന്ന പാരമ്പര്യം ഉള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇവിടുത്തെ തേജ് ഉത്സവത്തില്‍ എല്ലാ വീടും ചാണകം പൂശാറുണ്ട്.നേരത്തെ തന്നെ ഗര്‍ഹബോ നവ ഛത്തീസ്ഗഢ് എന്ന പദ്ധതി അവതരിപ്പിച്ചിരുന്ന ഭൂപേഷ് ഭാഗെല്‍ സര്‍ക്കാരിനെ പ്രധാനമന്ത്രിയും, പാര്‍ലമെന്റ് കൃഷികാര്യ സമിതിയും അഭിനന്ദിച്ചിരുന്നു.


Tags:    

Similar News