റായ്പൂര്‍: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ മസ്ജിദുകള്‍ക്ക് പുതിയ ഓഡിറ്റ് ചട്ടം തയ്യാറാക്കി വഖ്ഫ് ബോര്‍ഡ്. സംസ്ഥാനത്തെ 1,223 പള്ളികളിലെ വരവുചെലവ് കണക്കുകള്‍ വഖ്ഫ് ബോര്‍ഡിന് കൈമാറണമെന്ന് പുതിയചട്ടം പറയുന്നു. കൂടാതെ വഖ്ഫ് ബോര്‍ഡ് ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്യും. മസ്ജിദിന്റെ പണം ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചതിനാലാണ് നടപടിയെന്ന് വഖ്ഫ് ബോര്‍ഡ് പറയുന്നു. സംസ്ഥാനത്ത് 1,800ല്‍ അധികം മസ്ജിദുകള്‍ ഉണ്ടെങ്കിലും വലിയ വരുമാനമുള്ളവയെ മാത്രമാണ് ഓഡിറ്റിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വെബ്‌സൈറ്റില്‍ മസ്ജിദ് കമ്മിറ്റി വരവു ചെലവ് കണക്കുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം. പ്രതിവര്‍ഷം 20 ലക്ഷത്തില്‍ അധികം രൂപ കിട്ടുന്ന പള്ളികള്‍ മൂന്നുവര്‍ഷത്തില്‍ അധികം ഓഡിറ്റ് ചെയ്തില്ലെങ്കില്‍ ഭാരവാഹികള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ വരുമാനത്തിന്റെ 30 ശതമാനം വിദ്യഭ്യാസത്തിനായി മാറ്റിവെക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. ബിജെപി നേതാവ് ഡോ. സലീം രാജാണ് ഛത്തീസ്ഗഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍.
