ഇഷ്ടമുള്ള യുവതിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ബോംബ് സ്ഥാപിച്ച സ്പീക്കര്‍ സമ്മാനമായി നല്‍കിയ യുവാവ് അറസ്റ്റില്‍
റായ്പൂര്‍: പ്രണയം തോന്നിയ യുവതിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ബോംബ് സ്ഥാപിച്ച സ്പീക്കര്‍ സമ്മാനമായി നല്‍കിയ യുവാവ് അറസ്റ്റില്‍. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിനയ് വര്‍മ എന്ന 20കാരനാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കളായ മറ്റു ആറു പേരും പിടിയിലായിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഖൈറാഗഡ് ഗ്രാമത്തിലാണ് സംഭവമെന്ന് പോലിസ് അറിയിച്ചു.
ഇലക്ട്രിക്കല്‍ കട നടത്തുന്ന അഫ്‌സര്‍ ഖാനാണ് അല്‍പ്പദിവസം മുമ്പ് ഒരു പാഴ്‌സല്‍ ലഭിച്ചത്. മനോഹരമായി പാക്ക് ചെയ്ത പാഴ്‌സലില്‍ ഇന്ത്യ പോസ്റ്റ് ലോഗോയും വിലാസവുമുണ്ടായിരുന്നു. ആരാണ് പാഴ്‌സല്‍ അയച്ചതെന്നോ കാരണമോ അതില്‍ രേഖപ്പെടുത്തിയിരുന്നില്ല. പാഴ്‌സലുമായി വീട്ടിലെത്തിയ അഫ്‌സര്‍ ഖാന്‍ അത് തുറന്നുപരിശോധിച്ചു. സ്പീക്കറാണ് അകത്തുകണ്ടത്. പക്ഷേ, തൂക്കം കൂടുതലായി തോന്നിയതിനാല്‍ പോലിസിനെ വിവരമറിയിച്ചു. പോലിസിലെ ബോംബ് സ്‌ക്വോഡ് സ്പീക്കര്‍ പരിശോധിച്ചു. അപ്പോഴാണ് സ്പീക്കറിന് അകത്ത് രണ്ടു കിലോഗ്രാം സ്‌ഫോടകവസ്തു കണ്ടെത്തിയത്. സ്പീക്കറിന്റെ സ്വിച്ച് തിരിച്ചാല്‍ സ്‌ഫോടനമുണ്ടാവുന്ന രീതിയിലാണ് ബോംബ് സെറ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് പ്രതികൡലേക്ക് എത്തിയത്.
ഐടിഐ വിദ്യാഭ്യാസമുള്ള വിനയ് ശര്‍മയ്ക്ക് കിണര്‍ കുത്തുന്ന ജോലിയുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ബോംബ് നിര്‍മാണത്തിലും അറിവുണ്ടായിരുന്നു. അഫ്‌സര്‍ ഖാന്റെ ഭാര്യയുമൊത്ത് താന്‍ സ്‌കൂളില്‍ പഠിച്ചതാണെന്നും അക്കാലം മുതലേ ഏകപക്ഷീയ പ്രേമം ഉണ്ടായിരുന്നതായും പ്രതി വെളിപ്പെടുത്തി. ഇയാള്‍ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നതായി ഭാര്യ, നേരത്തെ തന്നെ അഫ്‌സര്‍ ഖാനെ അറിയിച്ചിരുന്നു. ദുര്‍ഗ് ജില്ലയില്‍ നിന്നാണ് ബോംബിന് വേണ്ട സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സമാനമായ ഒരു സംഭവം 2023 ഏപ്രിലില്‍ സമീപത്തെ ഗ്രാമത്തില്‍ നടന്നിരുന്നു. വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്പീക്കര്‍ പൊട്ടിത്തെറിച്ച് വരനും സഹോദരനും കൊല്ലപ്പെട്ടിരുന്നു. കാമുകി പ്രണയത്തില്‍ നിന്ന് പിന്‍മാറി മറ്റൊരാളെ വിവാഹം കഴിച്ചതാണ് ഈ ആക്രമണത്തിന് കാരണമായത്.
