'ചെന്നൈ ഉല' ഹെറിറ്റേജ് ബസ്സുകള്‍ക്ക് തുടക്കം

Update: 2026-01-15 07:18 GMT

ചെന്നൈ: നഗരത്തിലെ പ്രധാന വിനോദ സഞ്ചാര-പൈതൃക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യാത്ര ചെയ്യാന്‍ 'ചെന്നൈ ഉല' എന്ന പേരില്‍ ഹെറിറ്റേജ് ബസ്സ് സര്‍വീസ് ആരംഭിച്ചു. ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംടിസി) നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച അണ്ണാ സ്‌ക്വയര്‍ ബസ് സ്റ്റാന്‍ഡില്‍ ഗതാഗതമന്ത്രി ശിവശങ്കര്‍ പച്ചക്കൊടി വീശി നിര്‍വഹിച്ചു. ചെന്നൈയുടെ ഹൃദയഭാഗത്തുള്ള സാംസ്‌കാരികവും ചരിത്രപരവുമായ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഏകദേശം 30 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് ഹെറിറ്റേജ് ബസ്സുകളുടെ സര്‍വീസ്. ഒരുദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഒറ്റ ടിക്കറ്റിന്റെ നിരക്ക് 50 രൂപ മാത്രമാണ്. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍, എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍, മറീന ബീച്ച് എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭിക്കും. 'ചെന്നൈ വണ്‍' ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 16 മുതല്‍ 18 വരെ രാവിലെ 10 മുതല്‍ രാത്രി 11 വരെ സര്‍വീസ് ഉണ്ടായിരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ പുലര്‍ച്ചെ 1 വരെ സര്‍വീസ് ലഭ്യമാകും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതല്‍ രാത്രി 11 വരെ ബസുകള്‍ ഓടും.

Tags: