ചെന്നൈ: ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വീസിനിടെ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി. സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയില്‍ വച്ചാണ് ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ മൂലമാണ് തുരങ്കത്തിനുള്ളില്‍വച്ച് ട്രെയിന്‍ നിന്നുപോയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പെട്ടെന്ന് ട്രെയിന്‍ നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഏകദേശം പത്തുമിനിറ്റോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയനിലയിലായിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിനില്‍നിന്ന് ഇറങ്ങാനും തൊട്ടടുത്ത ഹൈക്കോടതി സ്‌റ്റേഷനിലേക്ക് നടന്നുപോകാനും അറിയിപ്പ് വന്നത്. ഇതോടെ യാത്രക്കാര്‍ ട്രെയിനില്‍നിന്നിറങ്ങി തുരങ്കപാതയ്ക്കുള്ളിലൂടെ 500 മീറ്റര്‍ അകലെയുള്ള സ്‌റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു. യാത്രക്കാരെ വളരെവേഗത്തില്‍ പുറത്തെത്തിച്ചെന്നും തകരാറിലായ ട്രെയിന്‍ ലൈനില്‍നിന്ന് പിന്‍വലിച്ചതായും അധികൃതര്‍ അറിയിച്ചു.